Translate

Saturday, 15 November 2014

100 ഭൂരഹിത കുടുംബങ്ങള്‍ക്ക് 'വാസയോഗ്യ ഭൂമിദാനപദ്ധതി'ജനാധിപത്യ വിശ്വാസികളെ

കേരളത്തിലെ ദലിത് ആദിവാസികോളനികളില്‍ പ്രബോധന സന്നദ്ധപ്രവര്‍ത്തനങ്ങളിലൂടെ സാമൂഹ്യസാംസ്‌ക്കാരികരാഷ്ട്രീയ മാറ്റത്തിനു തുടക്കം കുറിച്ച ദലിത് ഹ്യൂമണ്‍ റൈറ്റ്‌സ് മൂവ്‌മെന്റ് (DHRM)ന്റെ 7ാം വര്‍ഷികദിനമാണ് 2014 ഡിസംബര്‍ 26.
           2007ല്‍ രജി നമ്പര്‍:ER637/07ല്‍ പ്രവര്‍ത്തനം ആരംഭിച്ച സംഘടന ജാതിവെറിയന്‍മാരുടേയും കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്റേയും അപവാദപ്രചരണങ്ങളേയും അടിച്ചമര്‍ത്തലുകളേയും കെട്ടിച്ചമച്ച 'ദലിത് തീവ്രവാദത്തേയും' അതിജീവിച്ച് കേരളസമൂഹത്തില്‍ ജനാധിപത്യ ശബ്ദമായി DHRM 7 വര്‍ഷം പൂര്‍ത്തീകരിക്കുകയാണ്.
              DHRMന്റെ നിരന്തര പ്രവര്‍ത്തനങ്ങള്‍ക്കും അതിജീവനത്തിന്റെയും കരുത്ത് ജനാധിപത്യത്തെ മനസ്സിലേറ്റുന്ന കേരളജനതയുടെ പിന്തുണമാത്രമാണ്. ഈ ജനശക്തിയുടെ അടിത്തറയില്‍ DHRM വാര്‍ഷികസമ്മേളനത്തില്‍ 100 ഭൂരഹിത കുടുംബങ്ങള്‍ക്ക് വാസയോഗ്യമായ ഭൂമിദാനപദ്ധതിയ്ക്ക് തുടക്കം കുറിക്കുന്നു.
           മാറിമാറി കേരളം ഭരിക്കുന്ന ഭരണകര്‍ത്താക്കള്‍ ഭൂരഹിതരുടേയും ദലിത് ആദിവാസികളുടേയും ഭൂമിവിഷയം കേവലം പാര്‍പ്പിടഭൂമി പ്രശ്‌നമായി ചുരുക്കി 3സെന്റ് തുണ്ടുഭൂമിയില്‍ ഒതുക്കിയിരിക്കുന്നു. അതുകൊണ്ടാണ് മരിച്ചടക്കാന്‍ മണ്ണില്ലാതെ സ്വന്തം വീടിന്റെ അടുക്കളയും കക്കൂസും ശവക്കല്ലറയാക്കേണ്ട ഗതികേടില്‍ ഈ ജനത എത്തിചേര്‍ന്നിരിക്കുന്നത്. ഈ ദുരന്തം കേരളമണ്ണില്‍ ആവര്‍ത്തിക്കുന്നതിന് സര്‍ക്കാരുകള്‍ മൂന്നുസെന്റു പദ്ധതി ഇന്നും തുടരുകയാണ്.
             കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയസാമൂഹികസാംസ്‌ക്കാരികസന്നദ്ധമനുഷ്യാവകാശപ്രസ്ഥാനങ്ങള്‍ക്ക് ലാഘവത്തോടെ പരിഹരിക്കാന്‍ പറ്റുന്നതാണ് ഭൂരഹിതരുടെ 'പാര്‍പ്പിട സംവിധാനമൊരുക്കന്നതിനു വേണ്ടിയുള്ള ഭൂമിനല്‍കുക' എന്നുള്ള പ്രവര്‍ത്തനം.
               എന്നാല്‍ സര്‍ക്കാര്‍ നല്‍കുന്ന സൗജന്യ പഠനോപകരണവിതരണവും വികലാംഗര്‍ക്കു നല്‍കുന്ന വീല്‍ചെയര്‍ വിതരണവും വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പും ജൈവകൃഷി പ്രോല്‍സാഹനവും ഇത്തരം സംഘടകള്‍ ഏറ്റെടുക്കുമ്പോള്‍ ഭൂമിവിഷയം മാത്രം ഏറ്റെടുക്കാനും നടപ്പിലാക്കാനും തയ്യാറാകുന്നില്ല.
                 രണ്ടായിരത്തിനു പുറത്ത് പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ ഒന്ന് മനസ്സിരുത്തി പ്രവര്‍ത്തിച്ചാല്‍ കേരളത്തിലെ ലക്ഷങ്ങള്‍ക്കു പുറത്തുവരുന്ന ഭൂരഹിതരുടെ പാര്‍പ്പിട ഭൂമിപ്രശ്‌നം പരിഹരിക്കാന്‍ കഴിയും. ഭൂമിപ്രശ്‌നം വീടുവെയ്ക്കല്‍ പദ്ധതിയല്ലായെന്ന് കേരളിയര്‍ ചിന്തിച്ചത് കേരളത്തില്‍ നടന്ന ദലിത് ആദിവാസിമുന്നേറ്റങ്ങളാണ്.
                      ''ആരുടേയും ഔദാര്യമില്ലാതെ ജനിച്ചമണ്ണില്‍ കൃഷിചെ്‌യ്തുജീവിക്കാനുള്ള ഭൂമി'' ഈ ആവശ്യം മുത്തങ്ങയിലൂടെ ചെങ്ങറസമരമായും അതില്‍നിന്ന് അരിപ്പയും ആറളവും നില്‍പ്പുസമരവുമായി ഇന്നും തുടരുന്നു.
                    ഭൂരഹിതരായ കേരളീയരോട് പതിറ്റാണ്ടുകളായി കുത്തക രാഷ്ട്രീയപാര്‍ട്ടികളും ഭരണകൂടവും തുടരുന്ന ചതിയും വഞ്ചനയും ഇന്നും അവസാനിപ്പിച്ചിട്ടില്ല. വന്‍കിട കുത്തകകള്‍ക്കും തോട്ടം മാഫിയകള്‍ക്കും പാട്ടത്തിനും പതിച്ചും യഥേഷ്ടം ഭൂമിനല്‍കുന്ന ഭരണകര്‍ത്താക്കള്‍ അവരെ തെരഞ്ഞെടുത്ത് അധികാരികളാക്കുന്ന മലയാളികള്‍ക്ക് തൊഴില്‍ചെയ്ത് ജീവിക്കാനുള്ള മണ്ണുനല്‍കാന്‍ എന്തിനുമടിക്കുന്നു?.
                     കേരളത്തില്‍ വിവിധമേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ജനാധിപത്യസംഘടനകള്‍ ഭൂരഹിതരുടെ പാര്‍പ്പിട ഭൂമിപ്രശ്‌നം പരിഹരിക്കാന്‍ മുന്നോട്ടുവരണമെന്നും സര്‍ക്കാര്‍ കൃഷിഭൂമി നല്‍കി സരംരക്ഷിക്കണമെന്നുമാണ് DHRMആവശ്യപ്പെടുന്നത്.
              അതുകൊണ്ട് ദലിത് ഹ്യൂമണ്‍ റൈറ്റ്‌സ് മൂവ്‌മെന്റ് 100 ഭൂരഹിതകുടുംബങ്ങള്‍ക്ക് പാര്‍പ്പിടമൊരുക്കാനുള്ള 20 സെന്റില്‍ കുറയാത്ത വാസയോഗ്യഭൂമി കേരളസമൂഹത്തിന്റെ സഹകരണത്തോടും പങ്കാളിത്തത്തോടും കൂടി നല്‍കാനുള്ള ഒന്നാംഘട്ട ഭൂദാനപദ്ധതിയ്ക്ക് തുടക്കം കുറിയ്ക്കുകയാണ്.
             ഈ സംരംഭം വിജയിപ്പിക്കുന്നതിന് എല്ലാ സന്മനസ്സുകാരും മുന്നോട്ടുവരണം എന്നാണ് ഈ അവസരത്തില്‍ DHRMന് പറയാനുള്ളത്.
                  ദലിത് ആദിവാസികോളനികളില്‍ സാമൂഹ്യ വിദ്യാഭ്യാസവും ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കൂം, സാധാരണക്കാരിലെ കുട്ടികള്‍ക്ക് ആധുനിക ഇംഗ്ലീഷ് വിദ്യാഭ്യാസം നേടുന്നതിന് 'ഹോംസ്‌ക്കൂള്‍' പദ്ധതിയ്ക്കും, 'സ്ത്രീധനരഹിത സമൂഹവിവാഹത്തിനും' പ്രോത്സാഹനം നല്‍കിയ ജനാധിപത്യ വിശ്വാസികള്‍ DHRM ന്റെ ഈ സംരംഭത്തിനും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. 
                    ഒട്ടനവധി ആവശ്യങ്ങള്‍ക്ക് സാമ്പത്തികം ചെലവഴിക്കുന്ന നമ്മള്‍ തെരുവിലേയ്ക്ക് വലിച്ചെറിയുന്ന ഒരുകുടുംബത്തെ സംരക്ഷിക്കാന്‍ നമ്മുടെ ഒരാവശ്യത്തിന്റെ പണം ഭൂദാനപദ്ധതിക്കായി മാറ്റുവാന്‍ അഭ്യര്‍ത്ഥിക്കുന്നു. 
                അതോടൊപ്പം 2014 ഡിസംബര്‍ 26ന് കൊല്ലം ആശ്രാമം മൈതാനിയില്‍ സംഘടിപ്പിച്ചിരിക്കുന്ന 7ാംവാര്‍ഷിക സമ്മേളനത്തേയും ഒന്നാംഘട്ട ഭൂദാനപദ്ധതിയേയും വിജയപ്രദമാക്കാന്‍ എല്ലാജനാധിപത്യ വിശ്വാസികളുടെയും സാന്നിദ്ധ്യം സാദരം ക്ഷണിച്ചുകൊള്ളുന്നു.
കറുത്തവിപ്ലവ അഭിവാദനങ്ങളോടെ
സജികൊല്ലം 
(പ്രോഗ്രാം കണ്‍വീനര്‍)


No comments:

Post a Comment