Translate

Wednesday, 20 July 2011

വാമനാപുരം മണ്ഡലത്തില്‍ സെലീനപ്രക്കാനം നയിക്കുന്ന യാത്ര മൂന്ന് ദിവസം പിന്നിട്ടു.

മണ്ഡലത്തിലെ വിവിധ കോളനികളില്‍ പര്യടനം നടത്തിയ യാത്രയ്ക്ക് വമ്പിച്ച സ്വീകരണമാണ് ജനങ്ങള്‍ നല്‍കിയത്.അറിവ് നേടാനും, സംഘടിക്കുവാനും, ഇലക്ഷന് മല്‍സരിക്കുവാനുമുള്ള സ്വാതന്ത്ര്യം അനുവദിക്കുക, ഇലക്ഷനെ അഭിമുഖീകരിച്ച ദലിതരെ വേട്ടയാടുന്ന സി.പി.എം ജാതിനീതിയെ ഗവണ്‍മെന്റ് നിര്‍ത്തല്‍ ചെയ്യുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ജാതിനീതി നിര്‍മാര്‍ജ്ജന യാത്ര മണ്ഡലത്തിലുടനീളം പര്യടനം നടത്തുന്നത്. നെടുംകൈത, തെള്ളിക്കല്‍ചാല്‍, ശാസ്താംനട, ചെമ്മണ്ണൂക്കുന്ന്, തേമ്പാംമൂട്, കുന്നുമുകള്‍, പുലയരുകുന്ന്, പാലാംകോണം, വട്ടപ്പാറ, കോട്ടവരമ്പ് എന്നീകോളനികളില്‍ വമ്പിച്ച വരവേല്‍പ്പാണ് യാത്രയ്ക്ക് ലഭിച്ചത്.ദലിതരായിട്ടുള്ള കമ്മ്യൂണിസ്റ്റ് അണികളെ പാര്‍ട്ടിക്ക് പിടിച്ചുനിര്‍ത്താന്‍ വേണ്ടിമാത്രമാണ് ദലിതരുടെ പുറത്ത് തീവ്രവാദം ആരോപിച്ചത്. സാമൂഹ്യവിദ്യാഭ്യാസം നല്‍കുന്ന സംഘടനയുമായി അകന്നുനില്‍ക്കാന്‍ വേണ്ടിയുള്ള ഒരു ഗൂഢതന്ത്രം മാത്രമായിരുന്നു ദലിത് തീവ്രവാദത്തിന്റെ പിന്നില്‍. അതുകൊണ്ടുതന്നെയാണ് ഡി.എച്ച്.ആര്‍.എം തീവ്രവാദം തെളിയിക്കുന്നവര്‍ക്ക് പത്തുലക്ഷം നല്‍കുമെന്ന് പ്രഖ്യാപിച്ച് ഇതുവരെയായിട്ടും ആ വെല്ലുവിളി ഏറ്റെടുക്കാന്‍ സി.പി.എം തയ്യാറാകാത്തതെന്ന് കോട്ടവരമ്പ് കോളനിയില്‍ നടന്ന സമാപന സമ്മേളനത്തില്‍ ജാഥാക്യാപ്റ്റന്‍ സെലീനപ്രക്കാനം പറഞ്ഞു. ഇന്ന് മണ്ഡലത്തിന്റെ വെട്ടുംപള്ളി, വെള്ളരിക്കോണം, തത്തന്‍കോട്, നാഗച്ചേരി ജംഗ്ഷന്‍, ആനാട് ജംഗ്ഷന്‍, വടക്കേല, മൈലംമൂട്, ചുള്ളിമാനൂര്‍ ജംഗ്ഷന്‍, വടക്കേകോണം(കള്ളിയോട്), നെട്ടറക്കോണം, കൂപ്പ്, മണ്ണൂര്‍ക്കോണം,തുടങ്ങിയ മേഖലകളില്‍ പര്യടനം നടക്കും.

Friday, 15 July 2011

സി.പി.എം ദലിത് വേട്ടയ്‌ക്കെതിരെ ജാതിനീതി നിര്‍മ്മാര്‍ജ്ജനയാത്ര.

ഇലക്ഷനെ അഭിമുഖീകരിച്ച ദലിതരെ വേട്ടയാടുന്ന സി.പി.എം നയത്തിനെതിരെ വാമനാപുരം മണ്ഡലത്തില്‍ ഡി.എച്ച്.ആര്‍.എമ്മിന്റെ ആഭിമുഖ്യത്തില്‍ ജാതിനീതി നിര്‍മാര്‍ജ്ജനയാത്ര നടത്തുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഡി.എച്ച്.ആര്‍.എം സ്ഥാനാര്‍ത്ഥിയായി മത്സരിച്ച സെലീന പ്രക്കാനമാണ് പ്രതിഷേധ യാത്രയ്ക്ക് നേതൃത്വം നല്‍കുന്നത്. 2011 ജൂലൈ 15-ന് വെഞ്ഞാറമൂട് നിന്ന് ആരംഭിക്കുന്ന യാത്ര ജൂലൈ 25-ന് വാമനപുരം ജംഗ്ഷനില്‍ സമാപിക്കുന്നു. അറിവ് നേടാനും, സംഘടിക്കുവാനും, ഇലക്ഷന് മത്സരിക്കാനും പട്ടികജാതിവിഭാഗങ്ങള്‍ക്ക് കേരളത്തില്‍ സ്വാതന്ത്ര്യം അനുവദിക്കുക. ദലിതരുടെ ജനാധിപത്യ സ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്തുന്ന മുഴുവന്‍ ജാതിസഖാക്കളേയും പട്ടികജാതിസമുദായ പീഡനനിരോധന നിയമമനുസരിച്ച് അറസ്റ്റു ചെയ്യുക, പട്ടികജാതികോളനികളില്‍ നടമാടുന്ന കമ്മ്യൂണിസ്റ്റ് ജാതിഭീകരതയെ നിര്‍ത്തല്‍ ചെയ്യുക, കോളനികളില്‍ ഡി.എച്ച്.ആര്‍.എം ആയുധപരിശീലനമാണോ അതോ സാമൂഹ്യവിദ്യാഭ്യാസമാണോ പട്ടികവിഭാഗങ്ങള്‍ക്ക് നല്‍കുന്നതെന്ന് സര്‍ക്കാര്‍ അന്വേഷിക്കുക, മാര്‍ക്‌സിസ്റ്റ് കുപ്രചരണം ചെയ്ത തീവ്രവാദത്തിന്റെ സത്യാവസ്ഥ സര്‍ക്കാര്‍ പുറത്തു കൊണ്ടുവരിക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മണ്ഡലത്തില്‍ ഉടനീളം യാത്ര പര്യടനംനടത്തുന്നത്. യാത്രാ സമാപന ദിനത്തില്‍ മണ്ഡലത്തില്‍ ഉടനീളം കഴിഞ്ഞ അഞ്ചു വര്‍ഷം സി.പി.എം നേതൃത്വത്തില്‍ നടത്തിയിട്ടുള്ള ദലിത് വേട്ടയുടെ പരാതികള്‍ സമാഹരിച്ച് മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കും.

Tuesday, 12 July 2011

ഡി.എച്ച്.ആര്‍.എം പ്രതിഷേധിച്ചു.


വാമനപുരം: വാമനപുരം മണ്ഡലത്തില്‍ പട്ടികജാതി കോളനികളില്‍ വ്യാപകമായി CPM നടത്തുന്ന ദലിത് വേട്ടയ്‌ക്കെതിരെ ഡി.എച്ച്.ആര്‍.എം ജില്ലാ കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു. 10-7-2011 ഞായറാഴ്ച ആനച്ചല്‍ ചെന്നൂര്‍ വീട്ടില്‍ ദലിത് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കു നേരെയുണ്ടായ കമ്മ്യൂണിസ്റ്റ് ആക്രമണത്തില്‍ മണ്ഡപംകുന്നില്‍ ഷീബ, കുന്നുംപുറത്ത് വസന്ത, കോടാലിക്കുഴി സുഗന്ധി, പട്ടാഴിവിള ബിജു, മുരളി വിലാസത്തില്‍ മുരളി, മണ്ഡപംകുന്ന് രാഘവന്‍, പൂവക്കാട് രതീഷ്, ചെന്നൂര്‍ വീട്ടില്‍ സനോജ്, ആക്കുടി രഘുകുമാര്‍ എന്നിവര്‍ക്ക് മരകമായി പരിക്കേറ്റു. ഇവരിപ്പോള്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ഡി.എച്ച്.ആര്‍.എം വാളന്റിയര്‍മാരുടെ കുടുംബയോഗത്തിനുനേരെയാണ് യാതൊരു മുന്നറിപ്പുമില്ലാതെ സി.പി.എം ആക്രമണം നടത്തിയത്. ആനച്ചല്‍ ലക്ഷംവീടിനു സമീപമുള്ള കൊച്ചുകള്ളന്‍ എന്ന സഖാവ് ബാബൂരാജ്, സഖാവ് സുമേഷ്, സഖാവ് സുജിത്ത്, സഖാവ് ആനച്ചല്‍ സുരേഷ്, സഖാവ് അനീഷ്, സഖാവ് കളമച്ചല്‍ സിനു. കിടാത്തന്‍ എന്ന വലിയകണിച്ചോടിലെ സഖാവ് രഞ്ജു, കറണ്ട് വിജയന്‍ എന്ന സഖാവ് മടവൂര്‍ വിജയന്‍ എന്നിവരുടെ നേതൃത്വത്തിലാണ് സ്ത്രീകളും കുട്ടികളും അടക്കമുള്ള പട്ടികജാതി കുടുംബയോഗത്തില്‍ വീടുതകര്‍ത്ത് ആക്രമണം നടത്തിയത്. ഇവര്‍ക്കെതിരെ പരാതി നല്‍കിയിട്ടും യാതൊരു നിയമനടപടിയും കൈക്കൊള്ളാന്‍ പോലീസിന്റെ ഭാഗത്തുനിന്നും നീക്കമുണ്ടായില്ല.
എക്കാലത്തേയും വോട്ടുബാങ്കായിരുന്ന പട്ടികവിഭാഗക്കാര്‍ പാര്‍ട്ടി വിട്ട് ദലിത് സ്ഥാനാര്‍ത്ഥിക്ക് വോട്ടു നല്‍കുകയും പ്രവര്‍ത്തിക്കുകയും ചെയ്തതു മുതല്‍ ഈ മണ്ഡലത്തില്‍ ഇത്തരം ജാതിവേട്ട സി.പി.എമ്മിന്റെ നേതൃത്വത്തില്‍ പതിവാണ്. ജാതിവ്യവസ്ഥ പുനഃസൃഷ്ടിച്ച് ജനാധിപത്യ വ്യവസ്ഥയെ തകര്‍ക്കുവാനുള്ള സി.പി.എമ്മിന്റെ പദ്ധതി തകര്‍ക്കാന്‍ എല്ലാ ജനാധിപത്യ വിശ്വാസികളും മുന്നോട്ട് വരണമെന്ന് ജില്ലാകമ്മിറ്റി അഭ്യര്‍ത്ഥിച്ചു.സാമുദായിക പീഡകരെ ജയിലിലടയ്ക്കുമെന്ന് ഉത്തരവിറക്കുന്ന സമയത്ത് അത് പ്രാവര്‍ത്തികമാക്കാന്‍ മുന്നോട്ട് വരണം. ഡി.എച്ച്.ആര്‍.എമ്മിന്റെ നേതൃത്വത്തില്‍ ജാതീയതയ്‌ക്കെതിരെ മണ്ഡലത്തില്‍ വ്യാപകമായി പ്രതിഷധ സമരവുമായി മുന്നോട്ട് പോകുമെന്ന് ജില്ലാ ഓര്‍ഗനൈസര്‍ സജിമോന്‍ ചേലയം പറഞ്ഞു.