Translate

Wednesday, 11 September 2013

കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ ദലിത് വേട്ടയുടെ 4-ാം വാര്‍ഷികം ദലിത് വംശഹത്യ-പ്രതിരോധ ദിനം 2013 സെപ്റ്റംബര്‍ 23

ജനാധിപത്യവിശ്വാസികളെ,
ജനാധിപത്യകേരളം കണ്ടതില്‍ ഏറ്റവും ഭീകരമായ മനുഷ്യവേട്ടയായിരുന്നു കഴിഞ്ഞ അച്യുതാനന്ദന്‍ സര്‍ക്കാറിന്റെ കാലത്ത് ദലിതരുടെ മേല്‍ അരങ്ങേറിയത്. സ്വന്തം പ്രസ്ഥാനമായി തലമുറ തലമുറ സിപിഎമ്മിനെ സ്വീകരിച്ച ഒരു ജനതയ്ക്കാണ് 2009 സെപ്തംബര്‍ 23 ന് ദുരന്തം സംഭവിച്ചത്. 
ഭരണകൂടഭീകരതയുടെയും കമ്മ്യൂണിസ്റ്റ് ക്രൂരതയുടെയും ഭയാനകമുഖമാണ് അന്ന് കേരളീയര്‍ ദര്‍ശിച്ചത്. വ്യാജതീവ്രവാദം കെട്ടിവെച്ച് മാധ്യമങ്ങളുടെ അകമ്പടിയോടെ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ദലിത്‌വേട്ട നടപ്പിലാക്കിയപ്പോള്‍ അനാഥരും നിലാരംബരുമായത് നൂറുകണക്കിന് ദലിത് യുവത്വങ്ങളും കുടുംബങ്ങളുമാണ്. 
അച്യുതാനന്ദന്‍ സര്‍ക്കാര്‍ 'ദലിത് തീവ്രവാദ'ത്തിന് മുന്നില്‍ നിര്‍ത്തിയത് ദലിത് ഹ്യൂമന്‍ റൈറ്റ്‌സ് മൂവ്‌മെന്റ് എന്ന ഡി.എച്ച്.ആര്‍.എം. സാമൂഹ്യപ്രവര്‍ത്തകരെയാണ്. മദ്യമയക്കുമരുന്നിനെതിരെ പട്ടികജാതിവര്‍ഗ കോളനികളില്‍ പ്രബോധനപ്രവര്‍ത്തനം നടത്തുന്ന ഡി.എച്ച്.ആര്‍.എം. പ്രവര്‍ത്തകര്‍ പൊടുന്നനെയാണ് തീവ്രവാദികളായി മുദ്രകുത്തപ്പെട്ടത്. 
പാര്‍ട്ടികളുടെ തടവറയില്‍ പതിറ്റാണ്ടുകളായി സ്വബോധമില്ലാതെ പാര്‍ട്ടി ചാവേറുകളായി കോളനികളില്‍ തളച്ചിരുന്നവര്‍ ജനാധിപത്യത്തെ തിരിച്ചറിയുന്ന പൗരബോധമുള്ള ദലിതരായി മാറിയപ്പോഴാണ് ഭരണകൂടവേട്ടയാടല്‍ നേരിടേണ്ടിവന്നത്. 
കൊലപാതകം മുതല്‍ കോടതി തീപിടിത്തം വരെ ഉള്ള കുറ്റകൃത്യങ്ങള്‍ ഈ ജനതയുടെ മേല്‍ കെട്ടിവെച്ചു. ഇതിന്റെ പേരില്‍ കോളനികള്‍ തകര്‍ക്കപ്പെട്ടു. ദലിത് യുവാക്കളെ മൂന്നാം മുറയ്ക്കും യുവതികളെ നഗ്‌നയാക്കിയും ഗര്‍ഭപാത്രം തകര്‍ത്തും ദലിത് വേട്ട കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ആഘോഷിച്ചു. 
ഉത്തരേന്ത്യന്‍ ജാതിവെറിയെ തോല്പിക്കുന്ന വിധമായിരുന്നു കേരളജനസംഖ്യയില്‍ കേവലം ഒരു ശതമാനം മാത്രം പാര്‍ട്ടി അംഗങ്ങളുള്ള സി.പി.എം. തങ്ങളുടെ ജാതിഭ്രാന്ത് കേരളീയര്‍ക്ക് തെളിയിച്ചു കൊടുത്തത്. 
കാലാകാലങ്ങളില്‍ ഇടതുവലതു മുന്നണികള്‍ മാറിമാറി ഭരിക്കുന്ന കേരളത്തില്‍ എല്ലാ മുന്നണികളുടെയും എക്കാലത്തെയും ഇരകളാണ് ദലിത്ആദിവാസികള്‍. ഇവര്‍ വികസനത്തിന്റെ മറവില്‍ ആട്ടിയോടിച്ചും ഭൂമി നിഷേധിച്ചും പോഷകാഹാരക്കുറവിന്റെ പേരില്‍ വിഷഗുളികകള്‍ കഴിപ്പിച്ചും ദലിത്ആദിവാസി ജനത അജ്ഞാതരോഗങ്ങളാല്‍ വംശഹത്യ ചെയ്യപ്പെടുന്നു. 
ഊരുകളിലും കോളനികളിലും വ്യാപകമായ മദ്യപാനത്തിന്റെ ഒഴുക്ക് ഈ ജനതയുടെ കുടുംബങ്ങളെ വ്യാപകമായി ശിഥിലമാക്കി. ഇതിനെല്ലാം ഒത്താശ ചെയ്യുന്നത്് എക്കാലത്തെയും ഭരണകൂടങ്ങളാണ്. ഇവര്‍ക്ക് ഈ ജനതയുടെ വോട്ടുമാത്രമാണ് നോട്ടമുള്ളത്. അതുകൊണ്ടാണ് ഓരോ ജനസംഖ്യാ കണക്കെടുപ്പിലും ഈ ജനതയുടെ അംഗസംഖ്യ നാള്‍ക്കുനാള്‍ ക്രമാതീതമായി കുറഞ്ഞുവരുന്നത്. 
ഈ തിരിച്ചറിവാണ് ഡി.എച്ച്.ആര്‍.എമ്മിനെ 'വിജ്ഞാനത്തിലൂടെ വിമോചനം' എന്ന മുദ്രാവാക്യം ഉയര്‍ത്താന്‍ പ്രേരിപ്പിച്ചത്. അതിനായി കോളനികള്‍തോറും ലഹരിവിരുദ്ധ പ്രബോധനക്ലാസുകളും ജനാധിപത്യമൂല്യങ്ങളെ സ്വന്തം ജീവിതത്തില്‍ പകര്‍ത്തുവാനും പരിശീലിപ്പിച്ചു. ഇന്ത്യന്‍ ഭരണഘടനയേയും അതിന്റെ ശില്പിയായ ബാബാസാഹേബ് അംബേദ്കറെയും മനസിലാക്കാനും പറയാനും ഡി.എച്ച്.ആര്‍.എം. പഠിപ്പിച്ചു. 
അതിലെ മാറ്റമാണ് കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ആറ്റിങ്ങല്‍ പാര്‍ലമെന്റില്‍ ഡി.എച്ച്.ആര്‍.എം നേടിയ അയ്യായിരത്തിനു പുറത്ത് വോട്ട്. ഈ പാര്‍ലമെന്റില്‍ ദലിത്ആദിവാസി ജനത്തിന് അമ്പതിനായിരം വോട്ടാണ് ഉള്ളത.് അതിന്റെ 10 ശതമാനമാണ് ഡി.എച്ച്.ആര്‍.എം. കരസ്ഥമാക്കിയത്. 
കന്നിയങ്കത്തില്‍ ഡി.എച്ച്.ആര്‍.എം. നേടിയ വോട്ടുകള്‍ പരമ്പരാഗത രാഷ്ട്രീയപാര്‍ട്ടികളില്‍ ഏറെ നഷ്ടമുണ്ടാക്കിയത് സിപിഎമ്മിനാണ്. സ്വന്തം പാര്‍ട്ടികളില്‍ നിന്ന് ദലിത്ആദിവാസി അണികള്‍ ചോര്‍ന്നുപോകുന്നതിന് പരിഹാരം കാണാന്‍ ശ്രമിക്കാതെ ഡി.എച്ച്.ആര്‍.എമ്മിനെ ഉന്മൂലനം ചെയ്യുക എന്ന ഉത്തരമാണ് സിപിഎം കണ്ടെത്തിയത്. 
ഇന്ത്യയിലെ എല്ലാ പൗരന്മാര്‍ക്കും സമത്വത്തിലും സാഹോദര്യത്തിലും സ്വാതന്ത്ര്യത്തിലും ജീവിക്കുവാന്‍ അവകാശം നല്‍കുന്ന സാമൂഹ്യജനാധിപത്യ ഭരണഘടന നിലനില്‍ക്കുന്ന നമ്മുടെ മണ്ണില്‍ എല്ലാ ഇന്ത്യന്‍ പൗരന്മാര്‍ക്കും മത്സരിക്കുവാനും സംഘടനപ്രവര്‍ത്തനം ചെയ്യുവാനും സ്വാതന്ത്ര്യമുണ്ട്. 
ജാതിഭരണഘടനയും മനുവിന്റെ സ്മൃതിയും നമ്മുടെ മണ്ണിനെ മലിനമാക്കിയിരുന്ന കാലത്തായിരുന്നു മനുഷ്യര്‍ക്ക് അവകാശങ്ങളും അധികാരങ്ങളും ജാതിനോക്കി നിഷേധിച്ചിരുന്നത്. ആ കാലത്തെ തിരികെ കൊണ്ടുവരാന്‍ ജനാധിപത്യകേരളം ആഗ്രഹിക്കില്ല. അതുകൊണ്ടാണ് ബൗദ്ധസംസ്‌കാരം മുറുകെപ്പിടിക്കുന്ന ഡി.എച്ച്.ആര്‍.എമ്മിനെ വകവരുത്താന്‍ ഇറങ്ങിത്തിരിച്ച ജാതികമ്മ്യൂണിസ്റ്റുകളെ ചെറുക്കാന്‍ മനുഷ്യസ്‌നേഹികളും ജനാധിപത്യവിശ്വാസികളും അണിനിരന്നത്. 
ഈ ഊര്‍ജമാണ് ഡി.എച്ച്.ആര്‍.എമ്മിനെ കൂടുതല്‍ ഉത്സാഹത്തോടുകൂടി ഇന്നുവരെ പ്രവര്‍ത്തിക്കുവാന്‍ കരുത്തേകിയത്. 
സിപിഎം പിടിയിലായ ടി.പി. ചന്ദ്രശേഖരന്‍ വധത്തിന്റെ രീതി ജനം മനസിലാക്കിയപ്പോഴാണ് വര്‍ഷങ്ങള്‍ക്കുമുമ്പ് നടന്ന വര്‍ക്കസംഭവത്തിന്റെ പൊരുള്‍ കേരളീയര്‍ തിരിച്ചറിഞ്ഞത്. 
കാലം നമ്മെ ഓര്‍മിപ്പിക്കുന്നതും സിപിഎമ്മിന് നല്‍കുന്ന താക്കീതും അതുതന്നെയാണ്, 'ആശയത്തെ ആശയം കൊണ്ടാണ് നേരിടേണ്ടത് ? അല്ലാതെ ആക്രമണം കൊണ്ടോ, അടിച്ചമര്‍ത്തല്‍ കൊണ്ടോ അല്ല'. 
പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് അടുത്തുവരുന്ന ഈ സമയത്താണ് വീണ്ടുമൊരു സെപ്തംബര്‍ 23 കടന്നുവരുന്നത്. ഒരു കാലത്ത് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ കെട്ടിപ്പെടുത്താനും അധികാരത്തിലേറ്റാനും ചോരയും ജീവനും നല്‍കിയ പാരമ്പര്യമാണ് ദലിതര്‍ക്കുള്ളത്. 
ആ ജനതയുടെ ഇന്നത്തെ തലമുറയ്ക്ക് കമ്മ്യൂണിസ്റ്റ് ഭരണകൂടം നല്‍കിയ കൊടിയദുരന്തത്തിന്റെ നാലാം വാര്‍ഷികമാണ് 2013. ഇന്ന് ജീവച്ഛവമായും നിത്യരോഗികളുമായും ദലിത് സാമൂഹിക യുവത്വങ്ങള്‍ ജാതിഭരണകൂടഭീകരതയെ വെറുക്കുന്നു. 
ചോര ഒഴുക്കുന്നതിലല്ല ചോര തുടച്ചുമാറ്റുന്നതാണ് വിപ്ലവം എന്ന ബുദ്ധവാക്യം എല്ലാ ജനാധിപത്യവിശ്വാസികളും ഈ അവസരത്തില്‍ ഓര്‍ക്കുക. 
അതിനായി വരുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ദിനം ദലിത് വംശഹത്യാവിരുദ്ധദിനമായി മാറണം. അതിന്റെ ഓര്‍മപ്പെടുത്തലാണ് ഡി.എച്ച്.ആര്‍.എം. സെപ്തംബര്‍ 23 ന് എറണാകുളം നോര്‍ത്ത് പറവൂര്‍ മുനിസിപ്പല്‍ ഠൗണ്‍ ഹാളില്‍ ആചരിക്കുന്നത്. ഈ ആചരണപരിപാടികള്‍ വിജയിപ്പിക്കാന്‍ എല്ലാ ജനാധിപത്യവിശ്വാസികളും മുന്നോട്ടുവരണമെന്ന അഭ്യര്‍ത്ഥനയോടെ
കറുത്തവിപ്ലവഅഭിവാദനങ്ങള്‍
സജി കൊല്ലം (പ്രോഗ്രാം കണ്‍വീനര്‍)
Thursday, 5 September 2013

സെലീനപ്രക്കാനത്തിന് നേരെ ടി.പി.മോഡല്‍ വധശ്രമംകൊടുമണ്‍(പത്തനംതിട്ട): ഡി.എച്ച്.ആര്‍.എം. ചെയര്‍പേഴ്‌സണ്‍ സെലീനപ്രക്കാനത്തിന് നേരെ സിപിഎമ്മിന്റെ വധശ്രമം. പുലര്‍ച്ചെ 2മണിയ്ക്ക് മാരകായുധങ്ങളുമായെത്തിയ സിപിഎം സംഘം ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ ആറുപേര്‍ക്ക് മാരകമായി പരിക്കേറ്റു.ഗുരുതരമായി പരിക്കേറ്റ ഒരാളെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ അത്യാഹിതവിഭാഗത്തില്‍ പ്രവേശിപ്പിച്ചു. സിപിഎം തുടരുന്ന ദലിത് വംശഹത്യയില്‍ പ്രതിഷേധിച്ച് പത്തനംതിട്ട കൊടുമണ്‍ പോലീസ് സ്‌റ്റേഷനുമുന്നില്‍ ഡി.എച്ച്.ആര്‍.എമ്മിന്റേയും വിവിധ ദലിത് സംഘടനകളുടേയും ആഭിമുഖ്യത്തില്‍ വമ്പിച്ച പ്രതിഷേധ ധര്‍ണ നടക്കും