Translate

Friday 26 July 2013

യജമാനന്‍ അയ്യന്‍കാളി നേടിത്തന്ന സഞ്ചാരസ്വാതന്ത്ര്യത്തിന് 125 വയസ്സ്‌

ജനാധിപത്യവിശ്വാസികളെ,
ഇന്നത്തെ കേരളസമൂഹം രൂപപ്പെടും മുമ്പേ ആദിശങ്കരന്റെ 64 അനാചാരങ്ങളില്‍ മലീമസമായിരുന്നു നമ്മുടെ നാട്. ജാതിവ്യവസ്ഥയും ജാതിനിയമവുമായിരുന്നു മനുഷ്യസമൂഹത്തെ ചൂഷണം ചെയ്യാനും അകറ്റിനിര്‍ത്താനും ഉപയോഗിച്ചിരുന്ന മാര്‍ഗ്ഗം. ഇതിനെതിരെ കഴിഞ്ഞനൂറ്റാണ്ടില്‍ ഒട്ടനവധി മഹാരഥന്‍മാരുടെ നിരന്തര പ്രവര്‍ത്തനമാണ് ഇന്നത്തെ കേരളത്തിന് രൂപം നല്‍കിയത്. അതില്‍ പ്രഥമസ്ഥാനം യജമാനന്‍ അയ്യന്‍കാളിക്കാണ്. ജാതിവ്യവസ്ഥയില്‍ വംശീയ ഇരകളായി ജീവിക്കേണ്ടിവന്ന ഒരു ജനതയില്‍ നിന്നായിരുന്നു അദ്ദേഹത്തി
ന്റെ ജനനം. അതുകൊണ്ട് മാറുമറയ്ക്കാനും വിദ്യാഭ്യാസം ചെയ്യാനും വഴിനടക്കാനും ദാഹനീര്‍ കുടിക്കാനും വരെ അദ്ദേഹത്തിന് ഈ മണ്ണില്‍ കലാപങ്ങള്‍ നടത്തേണ്ടതായി വന്നു. ഇന്ന് നമുക്ക് പരിചിതമായ കമ്മ്യൂണിസ്റ്റ് ആശയങ്ങളും സോഷ്യലിസ്റ്റ് ചിന്താഗതികളും കേരളദേശത്ത് കടക്കുന്നതിനും പതിറ്റാണ്ടുകള്‍ക്കു മുന്നേയായിരുന്നു യജമാനന്‍ അയ്യന്‍കാളിയുടെ മനുഷ്യാവകാശപോരാട്ടങ്ങള്‍. യജമാനന്‍ അയ്യന്‍കാളിനടത്തിയ കലാപങ്ങളാണ് ഇന്നത്തെ ജനാധിപത്യസമൂഹം ഉരിത്തിരിയുന്നതിന് ഒരുപരിധിവരെ പ്രചോദനമായത്. അക്കാലത്ത് പൊതുവഴികള്‍ ഓരോ ജാതിക്കും വെവ്വെറെയായിരുന്നു. ഓരോ ജാതിവഴിയിലും തീണ്ടാപലകകള്‍ സ്ഥാപിച്ച് ജാതിനിയമം പരിപാലിക്കപെടുകയാണ് അന്നത്തെ ഭരണാധികാരികളും രാജക്കന്മാരും ചെയ്തിരുന്നത്. മുകള്‍ ജാതിക്കാര്‍ക്ക് കീഴ്ജാതിക്കാരുടെ വഴികള്‍ ഉപയോഗിക്കാമായിരുന്നെങ്കിലും കീഴ്ജാതിക്കാര്‍ക്ക് മേല്‍ജാതിക്കാരുടെ വഴികള്‍ തീണ്ടാനോ സഞ്ചരിക്കാനോ ജാതി നിയമം അനുവദിച്ചിരുന്നില്ല. നൂറ്റാണ്ടുകള്‍ തുടര്‍ന്നിരുന്ന ഈ മനുഷ്യചൂഷണവും അടിച്ചമര്‍ത്തലും ലോകസമൂഹം പുരോഗതിയിലും വികസനത്തിലും എത്തിചേര്‍ന്നിട്ടും ഇവിടെയുള്ള ജാതിനിയമക്കാരുടെ മനോനിലയ്ക്ക് മാറ്റമുണ്ടാക്കിയിട്ടില്ല. വിവിധ ജാതികള്‍ ഒരുവഴിയില്‍ ഒത്തുചേര്‍ന്ന് സഞ്ചരിക്കാന്‍ തുടക്കം കുറിച്ചത് ജാതിനിയമം ലംഘിച്ച് യജമാനന്‍ അയ്യന്‍കാളി നടത്തിയ സഞ്ചാരസ്വതന്ത്ര്യകലാപങ്ങളായിരുന്നു. ആ സമരങ്ങളായിരുന്നു കേരളസമൂഹത്തെ പുരോഗമന ചിന്തയിലേയ്ക്ക് കൊണ്ടുചെന്ന് എത്തിച്ചത്. ഈ ചരിത്രത്തെ തമസ്‌ക്കരിച്ചാണ് വരേണ്യചരിത്രകാരന്മാര്‍ 1924-ല്‍ വൈക്കം ക്ഷേത്രപരിസരത്തുനടന്ന വഴിനടക്കല്‍ സമരത്തെ പ്രഥമ സഞ്ചാരസ്വാതന്ത്ര്യസമരമായി പ്രചരിപ്പിച്ചിരിക്കുന്നത്. ഈ സമരം നടക്കുന്നതിന് 35വര്‍ഷങ്ങള്‍ക്കു മുന്നേയാണ് ചാലിയത്തെരുവ് കലാപം എന്നറിയപ്പെടുന്ന പൊതുവഴിസഞ്ചാരസ്വതന്ത്ര്യസമരം നടക്കുന്നത്. യജമാനന്‍ അയ്യന്‍കാളി 1889 ജൂലൈയില്‍ നേതൃത്വം കൊടുത്ത ചാലിയത്തെരുവു കലാപത്തിന്റെ പിന്‍തുടര്‍ച്ചയായാണ് വില്ലുവണ്ടി സമരവും ഒട്ടനവധി വഴിനടക്കല്‍ സമരങ്ങളും നമ്മുടെരാജ്യത്ത് അരങ്ങേറിയത്. യജമാനന്‍ അയ്യന്‍കാളിയും കൂട്ടരും വെങ്ങാനൂരില്‍ നിന്നും പൊതുവഴിയിലൂടെ യാത്രയാരംഭിച്ചതാണ് ചാലിയത്തെരുവ് കലാപത്തിനു തുടക്കമായത്. അവര്‍ കല്ലുവെട്ടാംകുഴി വഴി വിഴിഞ്ഞം ചന്തയും(ഇന്നത്തെ വിഴിഞ്ഞം കെ.എസ്.ആര്‍.ട്ടി.സി.സ്റ്റാന്റ്) കടന്ന് മുക്കോല, ചാലിയത്തെരുവ്, ബാലരാമപുരം വരെ 10കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള വിവധ ജാതിമതസ്ഥരുടെ പൊതുവഴി തീണ്ടിയാണ് ആദ്യയാത്ര അവസാനിപ്പിച്ചത്. അയിത്തജാതിക്കാര്‍ സഞ്ചാരയോഗ്യമല്ലാത്ത കല്ലും മുള്ളും നിറഞ്ഞ ഊടുവഴിയിലാണ് അക്കാലം വരെയും ജാതിനിയമത്തിനടിസ്ഥാനപ്പെടുത്തി നടന്നിരുന്നത്. ഇതു ലംഘിച്ചതോടുകൂടി അയിത്തജാതിക്കാര്‍ക്ക് കൂടുതല്‍ ജാതി നിയമം ലംഘിക്കാനുള്ള ആത്മവിശ്വാസവും ആവേശവും കൂടി. പൊതുവഴി സഞ്ചാരത്തിന്റെ തുടക്കം മുതല്‍ ജാതി മാടമ്പിമാര്‍ യജമാനന്‍ അയ്യന്‍കാളിയുടേയും കൂട്ടരുടേയും സഞ്ചാരസ്വാതന്ത്ര്യത്തെ തടസപ്പെടുത്തി പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു പരാജയപ്പെട്ടു. എല്ലാ എതിര്‍പ്പുകളേയും പ്രതിരോധിച്ച് യജമാനന്‍ അയ്യന്‍കാളിയും സംഘവും ചാലിയത്തെരുവില്‍ എത്തിച്ചേരുന്നതോടെയാണ് സമരം രക്തരൂക്ഷിതമാകുന്നത്. യജമാനന്‍ അയ്യന്‍കാളിയുടെ സഞ്ചാരസ്വാതന്ത്ര്യസമരത്തോടൊപ്പം വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികളും പങ്കാളിയായതോടുകൂടി ചാലിയത്തെരുവ് യുദ്ധസമാനമായി. ഇതിന്റെ അലയടി മാസങ്ങളോളം നീണ്ടുനിന്നു. പിറന്നമണ്ണില്‍ സഞ്ചരിക്കാന്‍ ആഗ്രഹിച്ചവരും സഞ്ചരിക്കാന്‍ അനുവദിക്കാത്തവരും തമ്മിലുള്ള പോരാട്ടം പലദിക്കിലും പടര്‍ന്നുപിടിച്ചു. അത് കണ്ടള, ആറാലുംമൂട്, പാറശാല, നെടുമങ്ങാട്, നെയ്യാറ്റിന്‍കര, കഴക്കൂട്ടം, പാച്ചല്ലൂര്‍, കണിയാപുരം, എന്നീപ്രദേശങ്ങളില്‍ അതീവഗുരുതരമായി. ചാലിയത്തെരുവില്‍ തുടങ്ങിയ സഞ്ചാരസമരത്തിന്റെ വിജയമാണ് ഇന്ന് കേരളീയര്‍ ഒരുവഴിയില്‍ ഒരുമയോടെ സഞ്ചരിക്കാനുള്ള പാഠം പഠിച്ചത്. കേരളീയരായ നമ്മള്‍ 125 വര്‍ഷം മാത്രമേയാകുന്നുള്ളു ജാതിവഴികളെ ഉപേക്ഷിച്ച് ആ വഴികള്‍ ജനതയുടെ വഴിയായിചിന്തിച്ചു തുടങ്ങിയിട്ട്. ആ ചിന്ത കേരളീയര്‍ക്ക് സംഭാവന നല്‍കിയത് യജമാനന്‍ അയ്യന്‍കാളിയും അദ്ദേഹത്തിന്റെ സംഘത്തിന്റെ പ്രവര്‍ത്തനഫലമായാണ്. അല്ലാതെ കേരളക്കരയില്‍ വന്നെത്തിയ വൈദേശിക സോഷ്യലിസ്റ്റ് തത്വസംഹിതകളോ അതില്‍ ഊറ്റംകൊള്ളുന്ന പ്രസ്ഥാനങ്ങളോ അല്ല. യജമാനന്‍ അയ്യന്‍കാളിയുടെ സമരചരിത്രങ്ങളെ പഠിക്കാതെയും വിശകലനം ചെയ്യാതെയും ഒരു മനുഷ്യാവകാശപോരാട്ടങ്ങളുടെ ചരിത്രവും നമ്മുടെ രാജ്യത്ത് സമ്പൂര്‍ണ്ണമാവുകയില്ല. അതിനൊരു തുടക്കക്കാരാവുകയാണ് ദലിത് ഹ്യൂമണ്‍ റൈറ്റ്‌സ് മൂവ്‌മെന്റ്. യജമാനന്‍ അയ്യന്‍കാളിയും അദ്ദേഹത്തിന്റെ നേതൃത്ത്വത്തില്‍ നടത്തിയ ചാലിയത്തെരുവു കലാപത്തിന്റെയും സ്മരണ പുതുക്കുന്നതിനും അക്കാലത്തെ സാമൂഹ്യസ്ഥിതിയും ഇന്നത്തെ ജനാധിപത്യവ്യവസ്ഥിതിയും വിശകലനം ചെയ്യുന്നതിനുമായി ഡി.എച്ച്.ആര്‍.എമ്മിന്റെ നേതൃത്ത്വത്തില്‍ ജനാധിപത്യകൂട്ടായ്മ സംഘടിപ്പിക്കുന്നു. 2013 ജൂലൈ 24ന് തിരുവനന്തപുരം വിവേകാനന്ദസെന്റിനറി മെമ്മോറിയല്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ നടക്കുന്ന സെമിനാറിലും സമ്മേളനത്തിലും പ്രമുഖ രഷ്ട്രീയക്കാര്‍, സാസ്‌കാരിക നായകന്മാര്‍, ചരിത്രകാരന്മാര്‍, എഴുത്തുകാര്‍,സാമൂഹ്യപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്നു. ഈ അനുസ്മരണ കൂട്ടായ്മ വമ്പിച്ച വിജയമാക്കാന്‍ എല്ലാ ജാനധിപത്യവിശ്വാസികളുടേയും സഹായസഹകരണങ്ങള്‍ അഭ്യര്‍ത്ഥിച്ചുകൊള്ളുന്നു.
പ്രോഗ്രാമിന്റെ ഫോട്ടോകള്‍ക്കായി ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക:-Quasquicentennial celebration of chaliya street-strugle 24-july-2013 ,vivekananda centenary memorial institute-tvpm

No comments:

Post a Comment